'കേരളം' ഞെട്ടിതരിച്ചും പൊട്ടിക്കരഞ്ഞും

കേരള ജനതക്ക് ഞെട്ടലുണ്ടാക്കിയ ഒരുപിടി സംഭവ വികാസങ്ങൾക്കാണ് 2016 സാക്ഷിയായത്. നിയമവിദ്യാർഥി ജിഷയുടെ വധവും സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതും പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ 114 പേർ മരിച്ചതും നാടിനെ ദുഃഖത്തിലാഴ്ത്തി. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ വിജയം നേടിയതും പിണറായി വിജയൻ മുഖ്യമന്ത്രിയായതും വലിയ വാർത്തയായി. അതേസമയം, ബാർ കോഴയിൽ കുടുങ്ങിയ മന്ത്രി കെ. ബാബുവിന്‍റേയും ബന്ധു നിയമനത്തിൽ ആരോപണവിധേയനായ മന്ത്രി ഇ.പി ജയരാജന്‍റേയും രാജി രാഷ്ട്രീയ കേരളത്തിന് വലിയ നാണക്കേടായി. ഹൈകോടതി അടക്കമുള്ള കോടതികളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷകരുടെ സംഘം തടഞ്ഞതും അക്രമിച്ചതും നീതിന്യായവ്യവസ്ഥക്ക് മാനക്കേടിന് വഴിവെച്ചു. 2016ലൂടെ ഒരു എത്തിനോട്ടം...

ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വർഷം തടവും

മുഹമ്മദ് നിസാം
 

ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷം തടവും. 80.3 ലക്ഷം രൂപ പിഴയും ജനുവരി 21ന് കോടതി ചുമത്തി. ഒന്നാം സാക്ഷി അനൂപ് ആദ്യം മൊഴി മാറ്റിയതും നിസാമിന്‍െറ ഭാര്യ അമല്‍ കൂറുമാറിയതും കേസിൽ തിരിച്ചടിയായി. 2015 ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലെത്തിയ നിസാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.

കെ. ബാബു മന്ത്രിസ്ഥാനം രാജിവെച്ചു

മുൻ മന്ത്രി കെ. ബാബു
 


ബാർകോഴ ആരോപണത്തെ തുടർന്ന് കെ. ബാബു മന്ത്രിസ്ഥാനം രാജിവെച്ചു. കോഴ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവാണ് ബാബുവിന്‍റെ രാജിക്ക് കാരണമായത്. രാജിവെച്ച  മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി സി.പി.എമ്മിനെതിരെ കടന്നാക്രമണം നടത്തിയും വിജിലന്‍സ് കോടതിയില്‍നിന്ന് ‘ഇരട്ടനീതി’ ഉണ്ടാകുന്നുവെന്ന് പരോക്ഷമായി സൂചിപ്പിച്ചുമായിരുന്നു ജനുവരി 23ന് ബാബുവിന്‍റെ രാജിപ്രഖ്യാപനം. യു.ഡി.എഫ് സര്‍ക്കാറില്‍ നിന്ന് രാജിവെക്കുന്ന ആദ്യ കോണ്‍ഗ്രസ് മന്ത്രിയും ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളുമാണ് കെ. ബാബു.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം 

വെടിക്കെട്ട് അപകടത്തിൽ തകർന്ന പരവൂർ പുറ്റിങ്ങൽ ക്ഷേത്രം
 

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഏപ്രിൽ 10നുണ്ടായ വെടിക്കെട്ട് അപകടത്തിൽ 114 പേർ മരിച്ചു. ക്ഷേത്രത്തിന്‍റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ പ്രത്യാഘാതങ്ങൾ ഉണ്ടായി. ക്ഷേത്രത്തിന് പരിസരത്തുള്ള എല്ലാ വീടുകളും പൂർണമായോ ഭാഗികമായോ തകർന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന പലർക്കും ക്ഷതമേറ്റു. അനുമതിയില്ലാതെയാണ് ക്ഷേത്ര ഭരണസമിതി മത്സരക്കമ്പം നടത്തിയത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിയന്ത്രിക്കാൻ ജസ്റ്റിസ് വി. ചിദംബരേഷ് നൽകിയ കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് ഹൈകോടതി ഉത്തരവിട്ടു. ദാരുണ സംഭവത്തിൽ ക്ഷേത്രഭാരവാഹികളും കരാറുകാരും അടക്കം 24 പേർ പ്രതികളാണ്.  

നാടിനെ നടുക്കിയ ജിഷ വധം

കൊല്ലപ്പെട്ട നിയമ വിദ്യാർഥി ജിഷയും പ്രതി അമീറും
 

പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥി ജിഷയെ ക്രൂര പീഡനത്തിനിരയായി കൊലപ്പെട്ട വാർത്ത രാജ്യത്തെ ഞെട്ടിച്ചു. ഏപ്രില്‍ 28ന് വൈകീട്ടാണ് ജിഷയെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം കാര്യമായ രീതിയില്‍ കൊലപാതകം ചര്‍ച്ച ചെയ്യാതെ പോയെങ്കിലും പിന്നീട് ജിഷ ക്രൂരപീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തു വന്നതോടെ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയായിരുന്നു. മുന്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി കേരളത്തെ ആകെ ഇളക്കിമറിച്ച കൊലപാതക കേസില്‍ സംസ്ഥാനം ഇന്നേവരെ കാണാത്ത രീതിയിലുള്ള അന്വേഷണമാണ് നടന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16ന് പ്രതി അമീറുല്‍ ഇസ്‌ലാമിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ലെങ്കിലും ശാസ്ത്രീയ തെളിവുകള്‍ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കാന്‍ സഹായിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്‍റെ കുറ്റപത്രം സമര്‍പ്പിച്ചത്. 

കേരളത്തിൽ എൽ.ഡി.എഫിന് ഭരണം; പിണറായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ
 

മേയ് 16ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ വിജയം നേടി അധികാരത്തിലേറി. എൽ.ഡി.എഫ് 91, യു.ഡി.എഫ് 47, എന്‍.ഡി.എ. 1, സ്വതന്ത്രൻ1 സീറ്റുകൾ നേടി. എൽ.ഡി.എഫ് സിറ്റ് നില: സി.പി.എം 58, സി.പി.ഐ-19, ജെ.ഡി (എസ്​)-3, എൻ.സി.പി-2, കേരള കോൺഗ്രസ്​ (ബി)-1, ആർ.എസ്​.പി (എൽ)-1, സി.എം.പി (എ.)-1, കോൺഗ്രസ്​ (എസ്​)-1, സ്വതന്ത്രർ-5. യു.ഡി.എഫ് സിറ്റ് നില: കോൺഗ്രസ് 22, മുസ് ലിം ലീഗ്-18, കേരള കോൺഗ്രസ്​ എം-6, കേരള കോൺഗ്രസ്​ ജേക്കബ്-1. പാർട്ടി തിരിച്ചുള്ള സീറ്റ് നില. നേമത്ത് നിന്നുള്ള ഒ. രാജഗോപാലിലൂടെ ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു. സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിച്ച പി.സി ജോർജ് വിജയിച്ചു.
പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.എമ്മിന്‍റെ നാലാമത്തെയും കണ്ണൂരിൽ നിന്നുള്ള രണ്ടാമത്തെയും മുഖ്യമന്ത്രിയാണ്. സംഘടനാ നേതൃത്വത്തിൽ നിന്ന് 17 വര്‍ഷത്തിനു ശേഷമാണ് പിണറായി പാര്‍ലമെന്‍ററി രംഗത്തേക്ക് തിരികെ എത്തിയത്. 

മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം


അഭിഭാഷകരുടെ കല്ലേറിൽ ഒാടുന്ന മാധ്യമപ്രവർത്തകർ

 

കോടതികളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോയ വനിതാ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർക്ക് നേരെ അഭിഭാഷകർ ആക്രമണം അഴിച്ചുവിട്ടു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പ്ലീഡർ മനേഷ് മാത്യു മാഞ്ഞൂരാനെക്കുറിച്ച് വാര്‍ത്ത നല്‍കിയതാണ് അഭിഭാഷക സംഘടനകളെ പ്രകോപിപ്പിച്ചത്. ഹൈകോടതി, തിരുവനന്തപുരം വഞ്ചിയൂർ കോടതി അടക്കമുള്ള കോടതികളിൽവെച്ച് മാധ്യമപ്രവർത്തകർക്ക് അഭിഭാഷകരുടെ ചീത്തവിളിയും കൈയ്യേറ്റവും ആക്രമണവും അനുഭവിക്കേണ്ടി വന്നു, വഞ്ചിയൂർ കോടതിയിലെ മീഡിയ റൂം ഒരു വിഭാഗം അഭിഭാഷകർ പൂട്ടിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇത് ഹൈകോടതിയിലും തെരുവിലും അരങ്ങേറി. മീഡിയ റൂമിന് മുന്നിൽ 'നാലാംലിംഗക്കാരെ കോടതിവളപ്പിൽ പ്രവേശിപ്പിക്കില്ല' എന്നും ‘ശൗചാലയം’ എന്നും എഴുതിയ പ്രകോപനപരമായ പോസ്റ്ററുകൾ അഭിഭാഷകർ പതിച്ചു. സുപ്രീംകോടതി വരെ ഇടപെട്ടിട്ടും പ്രശ്നം പരിഹാരമാകാതെ ഇപ്പോഴും നിലനിൽക്കുന്നു.

കെ.എം മാണി യു.ഡി.എഫ് വിട്ടു


കെ.എം മാണി കേരളാ കോൺഗ്രസ് നേതാക്കളോടൊപ്പം

 

യു.ഡി.എഫുമായുള്ള മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ ആഗസ്റ്റ് 3ന് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. ചരല്‍ക്കുന്നില്‍ നടന്ന ദ്വിദിന പാര്‍ട്ടി നേതൃക്യാമ്പിലാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭയില്‍ പാര്‍ട്ടി പ്രത്യേക ബ്ലോക്കായി മാറി. ഒരു മുന്നണിയിലും ചേരാതെ കര്‍ഷകരുടെയും അധ്വാനവര്‍ഗത്തിന്‍റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര വീക്ഷണത്തോടെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് മാണി വിഭാഗത്തിന്‍റെ തീരുമാനം. അതേസമയം, പാര്‍ലമെന്‍റില്‍ പ്രശ്നാധിഷ്ഠിത സമീപനം സ്വീകരിക്കാനും തദ്ദേശ-സഹകരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരുമെന്ന് മാണി വ്യക്തമാക്കിയിട്ടുണ്ട്. 

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് തൂക്കുകയറില്ല

പ്രതി ഗോവിന്ദച്ചാമിയും കൊല്ലപ്പെട്ട സൗമ്യയും
 

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന്​ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് സെപ്റ്റംബർ 15ന് പ്രതിക്ക് ചുമത്തിയ വധശിക്ഷ റദ്ദാക്കാൻ കാരണം. അതേസമയം, ബലാത്സംഗത്തിന്​ ജീവപര്യന്തം ശിക്ഷ നൽകിയ ​കീഴ്​കോടതി വിധികൾ സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ ടെസ്റ്റ് റിപ്പോര്‍ട്ടും നിസ്സംശയം തെളിയിക്കുന്നതായി കോടതി വ്യക്തമാക്കി. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സൗമ്യ ക്രൂരപീഡനത്തിനിരയായത്. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയട്ടശേഷം ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു.

ബന്ധു നിയമനവും ഇ.പി ജയരാജന്‍റെ രാജിയും 


മുൻമന്ത്രി ഇ.പി ജയരാജൻ

 

ബന്ധു നിയമന വിവാദത്തെ തുടർന്ന് ഒക്ടോബർ 14ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു. ജയരാജനോട് രാജിവെക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിർദേശിക്കുക‍യായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് 142 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭയിലെ രണ്ടാമനെന്ന് അറിയപ്പെട്ട വ്യവസായ മന്ത്രിക്ക് രാജി വെക്കേണ്ടിവന്നത്. ജയരാജന്‍റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ചതാണ് വിവാദമായത്. വിവാദ ഉത്തരവ്​ പിന്നീട് വ്യവസായ വകുപ്പ്​ പിൻവലിക്കുകയും ചെയ്​തിരുന്നു. ഇ.പി ജയരാജ​ന്‍റെ ജേഷ്​ഠ​ന്‍റെ മക​ന്‍റെ ഭാര്യയായ ദീപ്​തി നിഷാദിന്‍റെ കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരായി നിയമിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു. 

നിലമ്പൂരിൽ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ


കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ അജിതയും കുപ്പുസ്വാമിയും

 

നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജും ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന കാവേരി എന്ന അജിതയും ആണ് കൊല്ലപ്പെട്ടത്. എന്നാൽ, ഏറ്റുമുട്ടൽ വ്യാജമാണെന്ന വാർത്ത പുറത്തുവന്നു. പൊലീസ് നടപടിക്കെതിരെ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ രംഗത്തുവന്നു. പിന്നീട് പൊതുദർശനത്തിന് വെക്കാതെ മൃതദേഹം സംസ്കരിക്കണമെന്ന പൊലീസും നിർദേശവും വിവാദമായി. കുപ്പു ദേവരാജിന്​ അന്തിമോപചാരമർപ്പിക്കാൻ സി.പി.​ഐ ദേശീയ എക്​സിക്യുട്ടീവ്​ അംഗം ബിനോയ്​ വിശ്വം എത്തിയത് വാർത്തയിൽ ഇടംപിടിച്ചു. 

തയാറാക്കിയത്: പി.എ മുഹമ്മദ് റസിലി

Tags:    
News Summary - Year Ender 2016 -Kerala 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.